തുടർച്ചയായി 94 ലീഗ് മത്സരങ്ങളിൽ ഗോൾ, ലോകറെക്കോഡ് കുറിച്ച് അൽനസർ

തുടർച്ചയായി 94 ലീഗ് മത്സരങ്ങളിൽ ഗോൾ, ലോകറെക്കോഡ് കുറിച്ച് അൽനസർ

റിയാദ്: ക്ലബ്ബ് ഫുട്‌ബോളിൽ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസർ. പ്രധാന ആഭ്യന്തര ലീഗുകളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടുന്ന ക്ലബ്ബെന്ന റെക്കോഡാണ് അൽനസർ സ്വന്തമാക്കിയത്. തുടർച്ചയായി 94 മത്സരങ്ങളിലാണ് സൗദി ക്ലബ്ബ് ഗോളടിച്ചത്.

സൗദി പ്രോ ലീഗിൽ അൽ ഖലീജിനെതിരേ ഗോളടിച്ചതോടെയാണ് ക്രിസ്റ്റ്യാനോയും സംഘവും റെക്കോഡ് കുറിച്ചത്. മത്സരം 1-1 ന് സമനിലയിൽ കലാശിച്ചു. 93 മത്സരങ്ങൾ തുടർച്ചയായി ഗോളടിച്ച അർജന്റൈൻ ക്ലബ്ബ് റിവർ പ്ലേറ്റിന്റെ റെക്കോഡാണ് അൽനസർ മറികടന്നത്. 1936-1939 കാലയളവിലാണ് റിവർ പ്ലേറ്റ് ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നത്. 2023 ഡിസംബറിൽ സൗദി പ്രോ ലീഗിൽ ഗോളടിച്ചാണ് അൽനസർ ഊ റെക്കോഡ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും അൽനസർ എതിരാളികളുടെ വലകുലുക്കി.

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ വന്നതിന് പിന്നാലെയാണ് അൽനസറിന്റെ ചരിത്രനേട്ടം. 2023 അൽനസറിലെത്തിയ റോണോ സൗദി പ്രോ ലീഗിൽ 113 മത്സരങ്ങൾ കളിച്ചു. 105 ഗോളുകളും നേടി. ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് അൽനസർ. ഏഴ് മത്സരങ്ങളിൽ നിന്ന് 16 പോയന്റാണ് ടീമിന്റെ സമ്പാദ്യം. അഞ്ച് മത്സരങ്ങളിൽ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിലും ഒരു മത്സരം തോൽവിയിലും കലാശിച്ചു...